
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് പരിശോധന നടത്തും. കേസിലെ തെളിവുശേഖരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. തന്ത്രിയുടെ പദവിയും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് നിർണ്ണായകമായ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
തന്ത്രിക്ക് ലഭിക്കുന്ന ‘പടിത്തരം’ എന്നത് കേവലം ദക്ഷിണയല്ലെന്നും മറിച്ച് കൃത്യമായ പ്രതിഫലമാണെന്നും (Remuneration) എസ്.ഐ.ടി കണ്ടെത്തി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ഥിരീകരണം.തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്ന വ്യക്തിയാണ്. ദേവസ്വം മാനുവൽ പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ റാങ്കിന് തുല്യമായ പദവിയാണ് തന്ത്രിക്കുള്ളത്.
ശമ്പളം കൈപ്പറ്റുന്ന ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ ദേവസ്വം ബോർഡിന്റെ സ്വത്തുക്കൾ സംരക്ഷിക്കാൻ തന്ത്രിക്ക് നിയമപരമായ ബാധ്യതയുണ്ട്. താന്ത്രിക കാര്യങ്ങളിലെ ഏറ്റവും ഉയർന്ന തസ്തികയിലിരിക്കുന്ന വ്യക്തി എന്ന നിലയിൽ ഈ ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹത്തിന് ഒഴിയാനാകില്ല.കൃത്യമായ പരിശോധനകൾക്കും നിയമോപദേശങ്ങൾക്കും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് പോലീസ് നീങ്ങിയത്. ദേവസ്വം മാനുവലിലെ ചട്ടങ്ങൾ ലംഘിക്കപ്പെട്ടു എന്ന വാദമാണ് അന്വേഷണ സംഘം കോടതിയിൽ ഉയർത്തുന്നത്.