
ന്യൂഡൽഹി : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെതിരെ രൂക്ഷമായ പരാമർശങ്ങളുമായി സുപ്രീം കോടതി. ശബരിമലയിൽ നടന്നത് വലിയ ക്രമക്കേടാണെന്നും ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ദേവസ്വം ബോർഡ് അംഗമെന്ന നിലയിൽ നടന്ന സ്വർണ്ണക്കൊള്ളയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ശങ്കരദാസിന് മാറിനിൽക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും അറസ്റ്റ് തടയണമെന്നുമുള്ള ശങ്കരദാസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
ഹൈക്കോടതിയുടെ നടപടികളിൽ ഇടപെടാൻ നിലവിൽ കഴിയില്ലെന്ന് കോടതി അറിയിച്ചു. പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് മുൻകൂർ ജാമ്യാപേക്ഷ നൽകാൻ കോടതി ശങ്കരദാസിന് നിർദ്ദേശം നൽകി. ജാമ്യാപേക്ഷ സമർപ്പിച്ചാൽ അത് ബന്ധപ്പെട്ട കോടതി കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.