Banner Ads

ശബരിമല സ്വർണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെയും പി.എസ്. പ്രശാന്തിനെയും ചോദ്യം ചെയ്തു.

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം മുൻ മന്ത്രിമാരിലേക്കും ഉന്നത ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുന്നു. കേസിന്റെ ഭാഗമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു.കഴിഞ്ഞ ശനിയാഴ്ച ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് നടന്നത്.

കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ശേഖരിക്കാനായിരുന്നു ഈ നീക്കം. “മുൻ മന്ത്രിയെന്ന നിലയിൽ തനിക്കറിയാവുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്” എന്ന് ചോദ്യം ചെയ്യലിന് ശേഷം കടകംപള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചു.അതേസമയം, കേസിലെ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടു. പത്മകുമാറിന്റെയും സ്വർണവ്യാപാരി ഗോവർധന്റെയും ജാമ്യാപേക്ഷകൾ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം പരിഗണിക്കാനായി മാറ്റിവെച്ചു.

ഹർജി പരിഗണിക്കുന്നതിനിടെ അന്വേഷണ പ്രവർത്തനത്തെക്കുറിച്ച് കോടതി നിർണ്ണായകമായ ഒരു പരാമർശം കൂടി നടത്തി. എസ്.ഐ.ടിയുടെ അന്വേഷണം ശരിയായ രീതിയിലല്ലേ മുന്നോട്ട് പോകുന്നത് എന്ന വിമർശനം നിലനിൽക്കുന്നുണ്ടല്ലോ എന്ന് കോടതി ആവർത്തിച്ചു. 40 ദിവസമായി താൻ ജയിലിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പത്മകുമാറിന്റെ അഭിഭാഷകൻ വാദിച്ചത്. നേരത്തെ കൊല്ലം വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പത്മകുമാർ ഹൈക്കോടതിയെ സമീപിച്ചത്.