
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കം. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം കേസിൽ പ്രതിയായ മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിനെ കോടതി 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു.
2022 ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ ബോർഡ് ആണ് അനുമതി തേടിയതെന്നും താൻ അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും തന്ത്രി മൊഴി നൽകി. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഇരുവരും ശബരിമലയിൽ സ്ഥിരമായി വരുന്ന ഭക്തരാണെന്ന നിലയിലാണ് പരിചയം. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി.
നേരത്തെ സ്മാർട് ക്രിയേഷനിൽ നിന്നും വേർതിരിച്ച സ്വർണ്ണം വിറ്റത് ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായ കൽപ്പേഷ് വഴിയാണ് വിൽപ്പന നടത്തിയതെന്നും കണ്ടെത്തി. പോലീസ് ഈ സ്വർണ്ണം കണ്ടെടുത്തിരുന്നു.