
തെങ്കാശി: അമിതവേഗം എടുത്തത് ആറുജീവനുകൾ, തമിഴ്നാട് തെങ്കാശിയിലാണ് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത് . അപകടത്തിൽ 28 ഓളം പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം.മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഉർജ്ജിതമാക്കുകയാണ്.മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ നൽകുന്ന മൊഴി.
അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രിക്കാനാവാത്തവിധം മറുവശത്ത് നിന്നുമെത്തിയ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.