
കൊച്ചി: ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ശക്തമായി വിമർശിച്ച ഹൈക്കോടതി, തീർത്ഥാടകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. ഒരു ദുരന്തം വരുത്തിവെക്കരുതെന്നും, എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും കോടതി ബോർഡിനോട് ചോദിച്ചു.ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 ആയി ക്രമീകരിക്കണം.സ്പോട്ട് ബുക്കിംഗ് 5,000 ആയി കുറയ്ക്കണം. ഇന്നലെ 20,000 പേർ വരെയാണ് സ്പോട്ട് ബുക്കിംഗ് വഴി മലകയറിയത്.വെർച്വൽ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കണം.
ടിക്കറ്റുള്ള എല്ലാവർക്കും അനുമതി നൽകുന്ന രീതി ഇനി അംഗീകരിക്കില്ല.ഷെഡ്യൂൾ സമയത്തിന് 6 മണിക്കൂർ മുമ്പും 18 മണിക്കൂറിന് ശേഷവും മാത്രമാകും പ്രവേശനം അനുവദിക്കുക.പതിനെട്ടാം പടിയിൽ അനുഭവപരിചയമുള്ള പോലീസുകാരെ വിന്യസിക്കണം. കേന്ദ്രസേനയെ എത്തിക്കാൻ കളക്ടർ നടപടിയെടുക്കണം.ശുചിമുറി സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം.മണ്ഡലം മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത്കൊണ്ടാണെന്ന് കോടതി ചോദിച്ചു.”ഉത്സവം നടത്തുന്നത് പോലെയല്ല, മണ്ഡലം മകരവിളക്ക് സീസണിന് വേണ്ടി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണം.
വരുന്നവരെല്ലാം തിക്കിലും തിരക്കിലും കയറ്റി വിടുന്നത് തെറ്റായ സമീപനമാണ്. കുട്ടികളും പ്രായമായവരും മണിക്കൂറുകളാണ് ക്യൂവിൽ കാത്തുനിൽക്കുന്നത്,” കോടതി ചൂണ്ടിക്കാട്ടി.കൂടാതെ, ശബരിമലയിലെ ഒരുക്കങ്ങൾ ആറു മാസങ്ങൾക്ക് മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നുവെന്നും കോടതി വിമർശിച്ചു.നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിക്കണമെന്നും, ഓരോ സെക്ടറിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഭക്തരുടെ എണ്ണം കണക്കാക്കി വേണം തീർത്ഥാടകരെ നിശ്ചയിക്കാനെന്നും കോടതി നിർദ്ദേശിച്ചു.
തിരക്ക് നിയന്ത്രിക്കുന്നത് പോലീസിന്റെ മാത്രം പണിയല്ലെന്നും, ശാസ്ത്രീയമായി ഇത് കൈകാര്യം ചെയ്യണം എന്നും കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധ സംഘത്തെ നിയോഗിച്ച് ഓരോ സെക്ടറിലും ചുമതല നൽകുന്നത് ആലോചിക്കണമെന്നും കോടതി നിർദ്ദേശിച്ചു.പോലീസിനെ ഉപയോഗിച്ച് പരമാവധി തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ദേവസ്വം ബോർഡ് മറുപടി നൽകിയെങ്കിലും, കോടതി അത് അംഗീകരിച്ചില്ല.