
തിരുവനതപുരം : വിവാദങ്ങൾക്ക് വഴിവെച്ച മുതിർന്ന സി.പി.എം. നേതാവ് ഇ.പി. ജയരാജൻ്റെ ആത്മകഥ നവംബർ 3-ന് പ്രകാശനം ചെയ്യും. ഇതാണ് എൻ്റെ ജീവിതം എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. മാതൃഭൂമി ബുക്സാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.
നേരത്തെ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിൻ്റെ ജീവിതം’ എന്ന പേരിൽ ഡി.സി. ബുക്സ് ഇ.പി.യുടെ ആത്മകഥ പുറത്തിറക്കാൻ ശ്രമിക്കുകയും അതിലെ ചില ഭാഗങ്ങൾ വിവാദമാവുകയും ചെയ്തിരുന്നു. ഈ ഉള്ളടക്കത്തിൽ രണ്ടാം പിണറായി സർക്കാരിനും പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ആ പുസ്തകം തൻ്റെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചതാണെന്നും അതിലെ ഭാഗങ്ങൾ താൻ എഴുതിയതല്ലെന്നും ഇ.പി. ജയരാജൻ നിഷേധിച്ചിരുന്നു. തൻ്റെ ആത്മകഥ പൂർത്തിയാക്കിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് വിവാദമുണ്ടാക്കാൻ ചിലർ ശ്രമിച്ചതാണെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് ഔദ്യോഗിക ആത്മകഥയായ ‘ഇതാണ് എൻ്റെ ജീവിതം’ ഇപ്പോൾ പ്രകാശനത്തിനൊരുങ്ങുന്നത്.