
തിരുവനന്തപുരം : സ്‌കൂൾ വിദ്യാർത്ഥികളുടെ അർധവാർഷിക പരീക്ഷ ഒറ്റഘട്ടമായി നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബർ 15ന് പരീക്ഷകൾ ആരംഭിക്കുകയും 23ന് പൂർത്തിയാക്കുകയും ചെയ്യും. ഡിസംബർ 23 ന് സ്‌കൂളുകൾ ക്രിസ്മസ് അവധിക്കായി അടയ്ക്കും. ജനുവരി 5 ന് സ്‌കൂളുകൾ തുറക്കും. ഹയർ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്‌കൂൾ തുറന്ന ശേഷം ജനുവരി ഏഴിന് നടത്തും.
ക്രിസ്മസ് അവധി പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരീക്ഷ രണ്ടുഘട്ടമായി (അവധിക്ക് മുമ്പും ശേഷവും) നടത്താൻ ആലോചനയുണ്ടായിരുന്നു. എന്നാൽ ഈ രീതി കുട്ടികളിൽ മാനസിക സമ്മർദം വർദ്ധിപ്പിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പരീക്ഷ ഒറ്റഘട്ടമായി നടത്താൻ തീരുമാനിച്ചത്. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിൽ എടുക്കും.