
ആലപ്പുഴ: കെഎസ്ആർടിസി കളക്ഷൻ റെക്കോഡിൽ ജില്ലയിൽ ഒന്നാമതെത്തി ആലപ്പുഴ ഡിപ്പോ. കഴിഞ്ഞ തിങ്കളാഴ്ച 16.06 ലക്ഷം രൂപയുടെ കളക്ഷൻ നേടിയാണ് ഡിപ്പോ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 16 ലക്ഷത്തിനു മുകളിൽ കളക്ഷൻ ലഭിക്കുന്നത് ആലപ്പുഴ ഡിപ്പോയെ സംബന്ധിച്ചിടത്തോളം അപൂർവമാണ്.പഴയ ബസുകളുമായി റെക്കോർഡ് പുതിയ ബസുകളില്ലാതെ, പഴയ ബസുകൾ മാത്രം ഉപയോഗിച്ചാണ് ആലപ്പുഴ ഡിപ്പോ ഈ മികച്ച നേട്ടം കൈവരിച്ചത്.
എന്നാൽ, ഈ മികച്ച വരുമാനം ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അവഗണനയാണ് ആലപ്പുഴയ്ക്ക് ലഭിക്കുന്നത്.പുതിയ ബസുകൾ അനുവദിച്ചപ്പോൾ ആലപ്പുഴയ്ക്ക് നിരാശ കെഎസ്ആർടിസി അടുത്തിടെ 143 പുതിയ ബസുകൾ (ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, പ്രീമിയം സീറ്റർ സ്ലീപ്പർ, ഓർഡിനറി തുടങ്ങിയവ) നിരത്തിലിറക്കിയപ്പോൾ ആലപ്പുഴയ്ക്ക് ഒരു ബസ് പോലും അനുവദിച്ചില്ല. അയൽ ഡിപ്പോകളായ കായംകുളത്തിന് ഒരു ഫാസ്റ്റ് പാസഞ്ചർ ബസും ചേർത്തലയ്ക്ക് ലിങ്ക് ബസ് സർവീസും അനുവദിച്ചിരുന്നു.
ജില്ലയുടെ ആസ്ഥാന ഡിപ്പോയായ ആലപ്പുഴയോടുള്ള ഈ അവഗണന പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.ഓണക്കാലത്തെ യാത്രാദുരിതം പുതിയ ബസുകൾ അനുവദിക്കാത്തതിനാൽ ഓണനാളുകളിൽ പ്രത്യേക സർവീസുകൾ നടത്താൻ ആലപ്പുഴ ഡിപ്പോയ്ക്ക് സാധിച്ചില്ല. ദീർഘകാലമായി ആവശ്യപ്പെടുന്ന അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവും അധികൃതർ ഗൗരവമായെടുക്കുന്നില്ല.
അവധി സീസണുകളിൽ അയൽ സംസ്ഥാനങ്ങളിൽനിന്ന് ആലപ്പുഴയിലേക്ക് വരുന്ന യാത്രക്കാർക്ക് കൊള്ളനിരക്ക് നൽകി സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരുന്നു. ഉത്സവ സീസണിൽ ട്രെയിൻ ടിക്കറ്റുകൾ നേരത്തെ ബുക്കിങ് പൂർത്തിയാകുന്ന സാഹചര്യത്തിൽ, മറ്റു മാർഗ്ഗമില്ലാതെ വലിയ നിരക്ക് നൽകി യാത്രചെയ്യാൻ ആളുകൾ നിർബന്ധിതരാവുകയാണ്. മികച്ച വരുമാനം കണക്കിലെടുത്ത് ആലപ്പുഴയ്ക്ക് കൂടുതൽ പുതിയ ബസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.