
തിരുവനന്തപുരം: കേരളത്തിൻ്റെ 41-ാമത് പോലീസ് മേധാവിയായി റവാഡ എ. ചന്ദ്രശേഖർ ഐപിഎസ് ഇന്ന് രാവിലെ ചുമതലയേറ്റു. രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്തെത്തുന്ന റവാഡ ചന്ദ്രശേഖർ ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം സമർപ്പിക്കും. അതിന് ശേഷം ചുമതലയേൽക്കും. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറും.
ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. 1991 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ. ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന റവാഡ, 17 വർഷത്തെ സേവനത്തിന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. തലശ്ശേരി എഎസ്പിയായിട്ടാണ് അദ്ദേഹം സർവ്വീസ് ജീവിതം ആരംഭിച്ചത്.
വയനാട്, മലപ്പുറം, എറണാകുളം റൂറൽ, പാലക്കാട് എന്നിവിടങ്ങളിൽ എസ്പിയായും തൃശൂർ, കൊച്ചി റേഞ്ച് ഡിഐജിയായും തിരുവനന്തപുരത്ത് കമ്മീഷണറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യുഎൻ ഡെപ്യൂട്ടേഷനിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്.2026 ജൂലൈ വരെയാണ് റവാഡ ചന്ദ്രശേഖറിന് സർവീസ് കാലാവധിയുള്ളത്.
പോലീസ് മേധാവിയായി ചുമതലയേറ്റതോടെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു വർഷം കൂടി അധിക സർവീസ് ലഭിക്കാൻ സാധ്യതയുണ്ട്.ചുമതലയേറ്റ ശേഷം, കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പോലീസ് മേഖലാതല യോഗത്തിൽ പങ്കെടുക്കാനായി അദ്ദേഹം യാത്ര തിരിച്ചു. പുതിയ പോലീസ് മേധാവിയുടെ ആദ്യ ഔദ്യോഗിക പരിപാടിയാണിത്.
നേരത്തെ, യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ രണ്ടാമനായിരുന്നു റവാഡ ചന്ദ്രശേഖർ. സീനിയോറിറ്റിയിൽ മുന്നിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മറികടന്നാണ് അദ്ദേഹത്തിന്റെ നിയമനം. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് മുൻപ് റവാഡ ചന്ദ്രശേഖറിന്റെ പേര് വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും, പിന്നീട് അദ്ദേഹത്തിന് ഇതിൽ പങ്കില്ലെന്ന് തെളിഞ്ഞതായി ചില റിപ്പോർട്ടുകൾ പറയുന്നു.