
തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത കേസിൽ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) അറസ്റ്റിൽ. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ ആണ് നടപടി.
കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ വൈദ്യപരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിൽ വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
എന്നാൽ ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് വേടന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് അവസാനിച്ച ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയാമെന്നും വ്യക്തമാക്കി.