ബെംഗളൂരു : ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്കി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ ബെംഗളൂരുവില്‍ മലയാളി യുവാവ് പിടിയില്‍. ഗോവിന്ദപുര പോലീസ് അറസ്റ്റുചെയ്തത് കോഴിക്കോട് ബേപ്പൂർ സ്വദേശി ബിലാല്‍ റഫീഖിനെയാണ്(50). ഇയാളുടെ മാതാപിതാക്കളും കേസിലെ പ്രതികളാണ്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ യുവതിയെ പരിചയപ്പെടുന്നത്. 2021-ലാണ് മർച്ചന്റ് നേവിയില്‍ മെക്കാനിക്കായിരുന്ന ഇയാള്‍ യുവതിയുമായി പരിചയം സൃഷ്ടിക്കുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നല്കി ബലാത്സംഗം ചെയ്യുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്തെന്നാണ് നഗരത്തിലെ ആശുപത്രിയില്‍ നഴ്സായ യുവതി പരാതിയില്‍ പറഞ്ഞത്.
2022-ലും 2023-ലുമാണ് ഈ സംഭവം നടക്കുന്നത്. രണ്ടുതവണയും ഇയാള്‍ നിർബന്ധിച്ച് ഗർഭം അലസിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തില്‍ മൂന്നാംതവണയും യുവതി ഗർഭിണിയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം പരാതിയില്‍ പറയുന്നത് ബിലാല്‍ റഫീഖിന്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിർക്കുകയും ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ്. ഇതേത്തുടർന്നാണ് ഇവരെ ഇരുവരെയും കേസില്‍ പ്രതികളാക്കിയത്.