
പത്തനംതിട്ട: പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയിൽ 95 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ പത്രോസ് ജോണിനെ (68) പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.വയോധികയുടെ മകൾ ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം. വീട്ടിൽ വയോധിക തനിച്ചായിരുന്നു.
വീട്ടുമുറ്റത്ത് നിന്ന വയോധികയെ പ്രതി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയും വായിൽ തുണി തിരുകി വീടിനകത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു.മൽപ്പിടിത്തത്തിനിടയിൽ വായിലെ തുണി മാറിയതോടെ വയോധിക ഉച്ചത്തിൽ നിലവിളിച്ചു.നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പീഡനശ്രമം തടയുകയും വയോധികയെ രക്ഷപ്പെടുത്തുകയും ചെയ്തു.
നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.