
കൊല്ലം: തെന്മലയിൽ വയോധികയുടെ സ്വർണമാല കവർന്ന് പ്രതി രക്ഷപ്പെടുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിലൂടെ പാഞ്ഞുപോയ ആംബുലൻസിൻ്റെ ക്യാമറയിലാണ് കവർച്ചയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
ബുധനാഴ്ചയാണ് ഉറുകുന്ന് സ്വദേശിനിയായ കമലയുടെ കടയിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് സ്വർണമാല പൊട്ടിച്ചത്. ബൈക്കിലെത്തിയ പ്രതി കമലയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം ആക്രമണം നടത്തി മാല കവരുകയായിരുന്നു.
കവർച്ചയ്ക്ക് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വയോധിക പിന്നാലെ ഓടി തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കമലയെ തള്ളി മാറ്റി, പൊട്ടിയ മാലയുടെ കഷ്ണവുമായി മോഷ്ടാവ് ബൈക്കിൽ കയറി അതിവേഗം രക്ഷപ്പെട്ടു.
പ്രതിക്കായി തെന്മല പോലീസ് ഊർജിതമായ തിരച്ചിൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്