
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മേയ് ഒന്ന് മുതൽ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത് .ഇടിമിന്നൽ അപകടകാരികളാണ്.
അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ആശയവിനിമയ മാർഗ്ഗങ്ങൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധമുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.ആയതിനാൽ പൊതുജനങ്ങൾ മുൻകരുതൽ പാലിക്കേണ്ടതുണ്ട്. കാർമേഘം കണ്ട് തുടങ്ങുമ്പോൾ മുതൽ തന്നെ മുൻ കരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത്ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.