Banner Ads

‘ഇതാണ് സത്യം!’ പരാതിക്കാരിക്ക് എതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ.

തിരുവനന്തപുരം: ബലാത്സംഗ പരാതിയിൽ, പരാതിക്കാരിക്ക് എതിരെ കൂടുതൽ തെളിവുകൾ മുദ്രവച്ച കവറിൽ രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ സമർപ്പിച്ചു. അതേസമയം, രാഹുലിനെ കണ്ടെത്താനുള്ള പോലീസ് ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ്.രാഹുൽ മാങ്കൂട്ടത്തിൽ മൂന്ന് പ്രധാന തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയത് ഫോട്ടോകൾ, വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്,ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് പെൻഡ്രൈവിൽ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് ആണ് സമർപ്പിച്ചത്.

ഈ തെളിവുകൾ ആധികാരികമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് ഈ സർട്ടിഫിക്കറ്റ് നൽകിയത്.യുവതി രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകിയതിനു പിന്നാലെ, ഒളിവിൽ പോയ രാഹുലിനെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിട്ടത് അതിവിദഗ്ധമായാണെന്ന് പോലീസ് കണ്ടെത്തി. ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയ ശേഷം സിസിടിവി ഇല്ലാത്ത റോഡുകൾ ഒഴിവാക്കിയായിരുന്നു യാത്ര. പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രമായി പല വഴികളിലേക്ക് സഞ്ചരിക്കുകയും ചെയ്തു.സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുലിൻ്റെ റൂട്ട് ഇപ്പോഴും അവ്യക്തമാണ്.

ഇന്നും സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്.കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പോലീസിൻ്റെ കീഴിൽ ഒരു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ, രാഹുലിനെ കണ്ടെത്താനായി ഓരോ ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.രാഹുൽ നൽകിയ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് കോടതി പരിഗണിക്കുക.ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോൾ അറസ്റ്റിന് തടസ്സമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള പോലീസിൻ്റെ ഊർജ്ജിത നീക്കം.