
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ശക്തമായ എതിർപ്പ് അവഗണിച്ച് നിയമസഭയിലെത്തി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പ്രതിപക്ഷ നിരയുടെ അവസാന സീറ്റിൽ ഇരുന്ന ശേഷമാണ് കുറിപ്പ് കൈപ്പറ്റിയത്. അതിനുള്ള മറുപടി എഴുതി നിയമസഭാ ജീവനക്കാരന്റെ കയ്യിൽ ഏൽപ്പിക്കുകയും ചെയ്തു.
പിന്നാലെ രാഹുൽ നിയമസഭയിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാൽ കുറിപ്പ് നൽകിയത് ആരാണെന്നോ അതിലെ ഉള്ളടക്കം എന്താണെന്നോ വ്യക്തമല്ല.പ്രതിപക്ഷ നിരയിൽ നിന്നെത്തിയ കുറിപ്പ് ചർച്ചയായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിക്കുന്ന വേളയിലാണ് രാഹുൽ സഭയിലെത്തിയത്.
രാഹുൽ എത്തിയപ്പോൾ ആരും പ്രതികരിച്ചില്ല. സിപിഎം ബന്ധം അവസാനിപ്പിച്ച പി.വി. അൻവറിന് നൽകിയിരുന്ന സീറ്റാണ് സ്പീക്കർ രാഹുലിന് അനുവദിച്ചത്. സഭയിൽ യുഡിഎഫ് ബ്ലോക്ക് തീർന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. സഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാൻ അനുവാദം ലഭിച്ചില്ല.
പ്രതിപക്ഷ നിരയിൽ നിന്നും പുറത്താക്കി കോൺഗ്രസ് പാർലമെന്ററി പാർട്ടി സ്പീക്കർക്ക് കത്തു നൽകിയിരുന്നു. ശനിയാഴ്ച രാഹുൽ പാലക്കാട് മണ്ഡലത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.