Banner Ads

പൊതുസ്ഥലത്തെ മലമൂത്രവിസർജനം ചോദ്യം ചെയ്തു; ഗുരുവായൂരിൽ കച്ചവടക്കാരനെ മർദ്ദിച്ചവശനാക്കി.

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രനടയിൽ വയോധികനായ വഴിയോരക്കച്ചവടക്കാരന് നേരെ ക്രൂരമായ ആക്രമണം. വടക്കേ നടയിൽ പൂജാസാധനങ്ങൾ വിൽക്കുന്ന ചാവക്കാട് സ്വദേശി രാജേന്ദ്രനെയാണ് (66) ഇരുമ്പ് പൈപ്പുകൊണ്ട് മർദ്ദിച്ചത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടതുകൈയുടെ എല്ല് പൊട്ടുകയും തട്ടുകട തകർക്കപ്പെടുകയും ചെയ്തു.

നടപ്പാതയിൽ മലമൂത്രവിസർജനം നടത്തുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. രാജേന്ദ്രന്റെ കട വിസർജ്യവസ്തുക്കൾ കൊണ്ട് മലിനമാക്കിയതിനെതിരെ ഇദ്ദേഹം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുലർച്ചെ മൂന്ന് മണിയോടെ അക്രമി മാരകായുധങ്ങളുമായി എത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും നടപടിയെടുക്കാൻ വൈകിയ പോലീസ്, ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് മൊഴിയെടുക്കാൻ തയ്യാറായത്.