
പത്തനംതിട്ട : വാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത. സൗഹൃദം സ്ഥാപിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി പീഡിപ്പിച്ചെന്നും പിന്നീട് ഗർഭിണിയായപ്പോൾ ഡിഎൻഎ പരിശോധന നടത്താൻ പറഞ്ഞ് അധിക്ഷേപിച്ചെന്നുമാണ് യുവതിയുടെ മൊഴി. 2023 സെപ്റ്റംബറിലാണ് രാഹുലിനെ പരിചയപ്പെടുന്നത്.
തന്റെ ദാമ്പത്യപ്രശ്നങ്ങൾ പറഞ്ഞ് അടുപ്പം സ്ഥാപിച്ച രാഹുൽ വിവാഹമോചിതയായാൽ ഒന്നിച്ച് ജീവിക്കാമെന്ന് വിശ്വസിപ്പിച്ചു. 2024 ഏപ്രിൽ 8ന് തിരുവല്ലയിലെ ഹോട്ടലിൽ സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ചു. എതിർത്തപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷനാണെന്ന പദവി പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ മോശമായി സംസാരിക്കുകയും ഡിഎൻഎ പരിശോധിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ ഗർഭം അലസി. ഉപതിരഞ്ഞെടുപ്പ് സമയത്ത് പണമില്ലെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് പതിനായിരം രൂപ വാങ്ങി. എംഎൽഎയായ ശേഷം ഫ്ലാറ്റ് വാങ്ങാമെന്ന് മോഹിപ്പിച്ചെങ്കിലും പണമില്ലാത്തതിനാൽ അത് നടന്നില്ലെന്നും മൊഴിയിലുണ്ട്.
വിദേശത്തുള്ള പരാതിക്കാരി ഇ-മെയിൽ വഴി ഡിജിപിക്ക് നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം അതീവ രഹസ്യമായാണ് നീങ്ങിയത്. വീഡിയോ കോൾ വഴി യുവതിയുടെ മൊഴി രേഖപ്പെടുത്തി. എഫ്ഐആർ വിവരങ്ങൾ ചോരാതിരിക്കാൻ പത്തനംതിട്ട എസ്പി മജിസ്ട്രേറ്റിനെ രഹസ്യമായി അറിയിച്ചു.