
കൊച്ചി:യാത്രക്കാർക്ക് ആശ്വാസമായി കൊച്ചി മെട്രോ.സ്വകാര്യ ബസുകൾ പണിമുടക്കിയതിനെ തുടർന്ന് വലഞ്ഞ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ കൃത്യ സമയത്തെത്താനും മറ്റ് ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയവർക്കും ഈ സാഹചര്യത്തിൽ മെട്രോ ഒരു ആശ്വാസമായി മാറി.സാധാരണ ദിവസങ്ങളിൽ ബസിനെ ആശ്രയിച്ചവർ എല്ലാം തന്നെ ഇന്ന് മെട്രോയെ ആശ്രയിച്ചത് വൻ തിരക്കുകൾക്കും കാരണമായി.
യാത്രക്കാർ കൂട്ടത്തോടെ എത്തിയതോടെ ഇന്ന് രാവിലെ മുതൽ നിറഞ്ഞുകവിഞ്ഞാണ് കൊച്ചി മെട്രോ സർവീസ് നടത്തിയത്.രാവിലെ മുതൽ മിക്ക സ്റ്റേഷനുകളിലും യാത്രക്കാരുടെ നീണ്ട നിരയാണ് ടിക്കറ്റ് എടുക്കുന്നതിനും അകത്ത് പ്രവേശിക്കുന്നതിനും ദൃശ്യമായത്. രാവിലെ 9 വരെ 2500ഓളം പേരാണ് മെട്രോയിൽ അധികമായി യാത്ര ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ 10 മണി വരെയുള്ള സമയത്താണ് അധിക തിരക്ക് ഉണ്ടായിരുന്നത്. വൈറ്റില, എറണാകുളം സൗത്ത്, ഇടപ്പള്ളി മേഖലകളിലായിരുന്നു ഏറ്റവുമധികം തിരക്ക്. അതേസമയം അധിക സർവീസ് നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നെങ്കിലും വേണ്ടി വന്നില്ലെന്ന് കൊച്ചി മെട്രോ അധികൃതർ വ്യക്തമാക്കി.