
പത്തനാപുരം : കോതമംഗലം ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതിനിടെ അമിതവേഗത്തിലും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചും ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസുകൾക്കെതിരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടപടിക്ക് നിർദ്ദേശം നൽകി.
മന്ത്രി വേദിയിലിരിക്കെയാണ് ചില സ്വകാര്യ ബസുകൾ അമിതവേഗത്തിൽ സ്റ്റാൻഡിനുള്ളിൽ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടത്. ഹോൺ മുഴക്കിയതിലല്ല പൊതുജനങ്ങളുടെയും ബസ് സ്റ്റാൻഡിന്റെയും സുരക്ഷ മുൻനിർത്തിയാണ് സ്വീകരിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. അമിതവേഗവും നിയന്ത്രണലംഘനവുമാണ് പ്രധാന കാരണം.
ഈ വിഷയത്തിൽ രാഷ്ട്രീയ പ്രചാരണത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ബസ് ഡ്രൈവർ അജയൻ ബസിന്റെ ഹോൺ ‘സ്റ്റക്ക്’ ആയതാണെന്നും സ്റ്റാൻഡിൽ ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന കാര്യം അറിയില്ലായിരുന്നെന്നും പ്രതികരിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഹോണ്‍ സ്റ്റക്കായിരുന്നത് കണ്ടതായി അറിയിച്ചു.
മന്ത്രിയോട് നേരിട്ട് മാപ്പ് പറയാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നടപടിയുടെ ഭാഗമായി അയിഷാസ്, സെന്റ് മേരീസ് ഉൾപ്പെടെയുള്ള ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.