ഗ്രീൻവില്ല : ഡെലവെയറിലെ ഗ്രീൻവില്ലെയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്‍ഡോ-പസഫിക് രാജ്യങ്ങള്‍ക്കായി 40 ദശലക്ഷം വാക്സിന് ഡോസുകളും റേഡിയോ തെറാപ്പി ചികിത്സയും അടക്കം നല്‍കുമെന്ന് കാന്‍സര്‍ മൂണ്‍ ഷോട്ട് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. നിലവിൽ ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യ, ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർ പങ്കെടുക്കും.
മൂന്ന് ദിവസത്തെ കൂടിക്കാഴ്ചക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസില്‍ എത്തിയത്. ചരിത്രത്തിലെ മറ്റേതൊരു സമയത്തേക്കാളും ശക്തവും അടുത്തതും ചലനാത്മകവുമാണ് ഇന്ത്യ – യുഎസ് പങ്കാളിത്തം എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. പ്രധാനമന്ത്രി മോദി, നമ്മൾ ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴെല്ലാം പുതിയ സഹകരണ മേഖലകൾ പര്യവേക്ഷണം ചെയ്യാനുള്ള നമ്മളുടെ കഴിവിൽ ഞാൻ ആശ്ചര്യപ്പെടുന്നു. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. ഡെലാവറിലെ വില്‍മിങ്ടണിലെ തന്റെ താമസസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ഒത്തുചേരലിന് ശേഷം ബൈഡന് സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകളാണിവ.