Banner Ads

വിവാഹ ചടങ്ങുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് പാടില്ല; ഹൈക്കോടതി ഉത്തരവ്

കൊച്ചി: സംസ്ഥാനത്തെ വിവാഹ ചടങ്ങുകളിലും എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. മാലിന്യ നിർമാർജനം കൂടുതൽ കാര്യക്ഷമമാക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.

വിവാഹം അടക്കമുള്ള ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ പരിപാടികൾ എന്നിവയിൽ അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ, രണ്ട് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് ശീതള പാനീയ കുപ്പികൾ, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലേറ്റുകൾ, കപ്പ്, സ്പൂൺ, കത്തി മുതലായവ ഉപയോഗിക്കുന്നതും ഡിവിഷൻ ബെഞ്ച് നിരോധിച്ചു. ഇത് ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിർദേശിച്ചു.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നിരോധനം പ്രാബല്യത്തിലാക്കാൻ ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട് .

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, അടിമാലി, മാങ്കുളം, പള്ളിവാസൽ, മറയൂർ, ദേവികുളം, കാന്തല്ലൂർ, വട്ടവട തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ വരുന്ന മൂന്നാർ മേഖല, തേക്കടി, വാഗമൺ, അതിരപ്പിള്ളി, ചാലക്കുടി അതിരപ്പിള്ളി മേഖല, നെല്ലിയാമ്പതി, പൂക്കോട് തടാകംവൈത്തിരി, സുൽത്താൻ ബത്തേരി, കർലാഡ് തടാകം, അമ്പലവയൽ, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നീ ടൂറിസം ഹിൽ സ്റ്റേഷനുകളിലും ഒറ്റത്തവണ പ്ലാസ്റ്റിക്കിനുള്ള വിലക്ക് ബാധകമാണ്.