Banner Ads

പാലക്കാടിന്റെ തൃശ്ശൂർ പൂരം; കൽപ്പാത്തിയിൽ തേരുകൾ മുഖാമുഖം, ത്രിസന്ധ്യക്ക് പുണ്യദർശനം

പാലക്കാട് : പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ദേവരഥ സംഗമം ഇന്ന് (നവംബർ 16) നടക്കും. അത്യപൂർവമായ ഈ ദൃശ്യം കണ്ട് ദർശനം നടത്താനായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് കൽപ്പാത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം ത്രിസന്ധ്യയ്ക്ക് ആണ് ദേവരഥ സംഗമം നടക്കുക.

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുൻവശത്തുള്ള തേരുമുട്ടിയിൽ വെച്ച് ദേവരഥങ്ങൾ മുഖാമുഖം അണിനിരക്കുന്നതോടെയാണ് ഈ ചടങ്ങ് പൂർത്തിയാവുക. പ്രദക്ഷിണ വഴികളിലുള്ള പ്രധാന രഥങ്ങള്‍: വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, ഗണപതി, മന്തക്കര മഹാഗണപതി.

ഇവ കൂടാതെ പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ രഥാരോഹണം നടക്കും. നവംബർ 15ന് തന്നെ നൂറുകണക്കിന് ആളുകളാണ് രഥോത്സവത്തിന്റെ ചടങ്ങുകൾ കാണാൻ കൽപ്പാത്തിയിൽ തടിച്ചുകൂടിയത്. ഇനിയുള്ള ദിവസങ്ങളിൽ രഥോത്സവം കൂടുതൽ ഭക്തിനിർഭരമാകും.