
പാലക്കാട്: രണ്ട് ടൂറിസ്റ്റ് ബസ്സുകൾ അടക്കം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചന്ദ്രനഗറിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്നു 2 ടൂറിസ്റ്റ് ബസ്സുകൾ ആണ് ദേശീയപാതയിൽ കൂട്ടിയിടിച്ചത്. ബസുകളുടെ മുന്നിൽ പോയിരുന്ന കാർ പെട്ടെന്ന് നിർത്തിയപ്പോൾ പുറകെ വന്ന ബസ്സുകൾ ആണ് കൂട്ടിയിടിച്ചത്.
നിർത്തിയ കാറിനു പുറകിൽ തൊട്ടു പുറകെ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയും തുടർന്ന് ഇതിന് പുറകിൽ വന്ന മറ്റൊരു ടൂറിസ്റ്റ് ബസ്സും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏറ്റവും പുറകിൽ ഉണ്ടായിരുന്ന ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവർക്ക് സാരമായ പരിക്കേറ്റു. ചില യാത്രക്കാർക്ക് പരിക്കേറ്റ് എങ്കിലും ഗുരുതരമല്ല. പുറകിലെ ബസ്സിലെ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.