Banner Ads

ചരിത്രം തിരുത്തി നിതീഷ്; ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണ, വ്യാഴാഴ്ച സത്യപ്രതിജ്ഞ

പട്‌ന : ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വ്യാഴാഴ്ച (നവംബർ 20) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇത് പത്താം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. പട്‌നയിലെ ഗാന്ധി മൈതാനത്ത് വെച്ചാണ് ചടങ്ങ് നടക്കുക. നിതീഷിനൊപ്പം 34 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.

ചിരാഗ് പാസ്വാന്റെ പാർട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനവും. മറ്റ് സഖ്യകക്ഷികൾക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം ചരിത്ര വിജയം നേടി ഭരണം നിലനിർത്തി.

ആകെ 243 സീറ്റുകളിൽ 202 സീറ്റുകൾ നേടിയാണ് എൻഡിഎ അധികാരത്തിലെത്തിയത്. ഇന്ത്യാ സഖ്യം 35 സീറ്റിൽ ഒതുങ്ങി. എൻഡിഎയിൽ ബിജെപി (89 സീറ്റ്) ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ജെഡിയു (85 സീറ്റ്) ഒപ്പത്തിനൊപ്പം നിന്നു. ചിരാഗ് പാസ്വാന്റെ എൽജെപി (റാംവിലാസ്) ഉൾപ്പെടെ എല്ലാ എൻഡിഎ ഘടകകക്ഷികളും മികച്ച പ്രകടനം കാഴ്ചവെച്ചു.