
തിരുവനന്തപുരം : സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ വേതന പരിഷ്കരണ പ്രഖ്യാപനം. ഒരുമാസത്തിനുള്ളില്‍ വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങും. മാനേജ്‌മെന്റുകളുടെ എതിർപ്പ് അവഗണിച്ച് മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. 2013 ലാണ് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്‌കരിച്ചത്. നിലവിലെ ജീവിതച്ചെലവ് പരിഗണിക്കുമ്പോൾ പഴയ ശമ്പളം ഒന്നിനും തികയില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ നടപടി.
ഒരു മാസത്തിനുള്ളിൽ വിജ്ഞാപനം ഇറക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കുക എന്നത് സർക്കാരിന്റെ ബാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച സ്വകാര്യ ആശുപത്രികളുടെ വ്യവസായബന്ധസമിതി യോഗത്തില്‍ വേതനപരിഷ്‌കാരം ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനംചെയ്യാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. തൊഴില്‍വകുപ്പ് തയ്യാറാക്കിയ പുതിയ വേതനശുപാര്‍ശ തൊഴിലാളി യൂണിയനുകള്‍ അംഗീകരിച്ചു.
പക്ഷേ മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികൂലനിലപാടെടുത്തു. എന്നാല്‍ വേതന പരിഷ്‌ക്കരണവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. വേതന പരിഷ്കരണത്തിനായി 2023 ഒക്ടോബറിൽ സർക്കാർ പ്രത്യേക സമിതി രൂപീകരിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ ശുപാർശകൾ നടപ്പിലാക്കുന്നതോടെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. ആശുപത്രികൾക്ക് അമിത ബാധ്യത ഉണ്ടാകാത്ത രീതിയിലാണ് പുതിയ നിർദ്ദേശങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.