
കൊച്ചി:കേരളത്തിൽ നാളെ മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപം പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നും ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്നുമാണ് മുന്നറിയിപ്പ്.
നാളെ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വ മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.