അമരാവതി : ആന്ധ്ര പ്രദേശില്‍ പുതിയ മദ്യ നയം. വ്യാജ മദ്യം തടയാനായി 99 രൂപ അടിസ്ഥാന വിലയ്ക്ക് മദ്യം കൊടുക്കുമെന്നാണ് അറിയിപ്പ്. 3736 റീടെയില്‍ ഔട്‍ലെറ്റുകളാണ് സർക്കാർ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത്. 5500 കോടി രൂപ വരുമാനമാണ് സർക്കാറിന്റെ ലക്ഷ്യം. ഒക്ടോബർ 12 മുതലാണ് പുതിയ മദ്യ നയം നിലവില്‍ വരുന്നത്. അടുത്ത വരുന്ന രണ്ട് വർഷത്തേക്കുള്ള മദ്യനയമാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മദ്യത്തിന്റെ വില താങ്ങാനാകാതെ ജനങ്ങള്‍ വ്യാജ മദ്യം തേടിപ്പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത് ദുരന്തമുണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാണ് കുറഞ്ഞ വിലയ്ക്ക് മദ്യം ലഭ്യമാക്കുന്നതെന്ന് സർക്കാർ അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി വരുമാനത്തിൽ ഇടിവ് ഉണ്ടായിട്ടുണ്ട്, ഇതും നികത്താൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ മുൻ വൈഎസ്‌ആർ കോണ്‍ഗ്രസ് സർക്കാർ സ്വകാര്യ ഡീലർമാരില്‍ നിന്ന് മദ്യവില്‍പ്പന ഏറ്റെടുത്തിരുന്നു. മദ്യ വില്‍പ്പന നടത്തിയിരുന്നത് എപി സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ വഴിയാണ്. ഈ നയം സെപ്റ്റംബർ 30 ന് അവസാനിക്കുകയും ചെയ്‌തു. തുടർന്നാണ് പുതിയ മദ്യ നയം പ്രഖ്യാപിക്കുന്നത്. വൈൻ ഷോപ്പുകള്‍ തുടങ്ങാനും സർക്കാർ സ്വകാര്യ മേഖലയില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ഡീലർമാർ 50 ലക്ഷം രൂപ തൊട്ട് 85 ലക്ഷം രൂപ വരെ എക്സൈസ് നികുതിയാണ് അടക്കേണ്ടത്. രണ്ട് വർഷത്തിനുള്ളിൽ 12 തവണയായി അടയ്ക്കാം. 12 പ്രീമിയം ഷോപ്പുകള്‍ക്ക് ഒരു കോടി രൂപ ലൈസൻസ് ഫീസിൽ അഞ്ച് വർഷത്തെ കാലാവധിയുള്ള ലൈസൻസും സർക്കാർ അനുവദിക്കുന്നുണ്ട്.