
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവയ്പ് ചടങ്ങ് ഇന്ന് (തിങ്കളാഴ്ച) സന്ധ്യയ്ക്ക് നടക്കും. വിദ്യാദേവതയായ സരസ്വതിയെ പൂജിക്കുന്നതിനായി ഭവനങ്ങളിലും ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും ഗ്രന്ഥങ്ങളും സംഗീതോപകരണങ്ങളും പണിയായുധങ്ങളും സമർപ്പിക്കും.
ആശ്വിനമാസത്തിലെ വെളുത്തപക്ഷ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പൂജവയ്പിനായി തിരഞ്ഞെടുക്കുന്നത്. ഇന്ന് വൈകിട്ട് 4.34-ന് അഷ്ടമി ആരംഭിക്കുന്നതിനാലാണ് ശുഭകരമായ സമയത്ത് സന്ധ്യയ്ക്ക് പൂജവയ്പ് നടത്തുന്നത്.
ഇന്ന് പൂജവയ്ക്കുന്ന വസ്തുക്കൾ തുടർന്ന് ദുർഗാഷ്ടമി (നാളെ), മഹാനവമി (ബുധനാഴ്ച) ദിവസങ്ങളിൽ എടുത്തുമാറ്റാതെ പൂജയിൽ തുടരും. ഈ ദിവസങ്ങളിലെ സരസ്വതി പൂജയ്ക്ക് ശേഷം വിജയദശമി ദിനമായ വ്യാഴാഴ്ചയാണ് വിദ്യാരംഭം നടക്കുക. പൂജയെടുത്തശേഷം കുരുന്നുകൾ അക്ഷരമെഴുതി ആദ്യാക്ഷരം കുറിക്കുന്നതോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.