Banner Ads

ഗാന്ധി സ്മരണയിൽ രാജ്യം: സത്യത്തിൻ്റെയും അഹിംസയുടെയും 156-ാം ജന്മദിനം ഇന്ന്.

ദില്ലി: ഗാന്ധി സ്മരണയിൽ രാജ്യം. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ഗാന്ധി ജയന്തി സത്യത്തിൻ്റെയും അഹിംസയുടെയും മാർഗ്ഗം ലോകത്തിന് കാട്ടിക്കൊടുത്ത മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ഇന്ന് ഗാന്ധി ജയന്തിയായി രാജ്യം ആചരിക്കുന്നു. രാഷ്ട്രപിതാവിൻ്റെ സ്മരണകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം നടക്കുന്നത്.

രാജ്യതലസ്ഥാനത്ത്, രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖർ ഡൽഹിയിലെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തും. അതോടൊപ്പം, കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും ഗാന്ധിജിയുടെ സമാധി സ്ഥലത്ത് ആദരം അർപ്പിക്കും.ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി ‘സ്വച്ഛ് ഭാരത്’ ശുചിത്വ ക്യാമ്പയിനുകൾക്ക് ഇന്ന് തുടക്കമാകും. ഗാന്ധിജിയുടെ ഗ്രാമസ്വരാജ്, ശുചിത്വ സങ്കൽപ്പങ്ങൾ ഉൾക്കൊണ്ടാണ് ഈ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്.

ഗാന്ധിജയന്തി ദിനത്തിൽ ഖാദി ഉത്പന്നങ്ങൾ വാങ്ങി തദ്ദേശീയ വ്യവസായത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.മഹാത്മാഗാന്ധിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനം (International Day of Non-Violence) കൂടിയായാണ് ലോകം ആചരിക്കുന്നത്. അഹിംസയിലധിഷ്ഠിതമായ അദ്ദേഹത്തിൻ്റെ ദർശനങ്ങൾക്ക് ആഗോളതലത്തിൽ ലഭിക്കുന്ന അംഗീകാരമാണിത്. കേരളത്തിലും വിവിധ സർക്കാർ, സാംസ്കാരിക സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ നടക്കുന്നുണ്ട്.