Banner Ads

നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം; ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവനേട്ടങ്ങളുമായി മോദി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം.സ്വാതന്ത്ര്യാനന്തരം ജനിച്ച ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ് അദ്ദേഹം. ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിയായ ഏക വ്യക്തി എന്ന നേട്ടവും മോദിക്ക് സ്വന്തം. അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചതും ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയതുമെല്ലാം ഈ ജന്മദിനത്തിന്റെ തിളക്കം കൂട്ടി.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദിക്ക് പതിനൊന്ന് വർഷം പൂർത്തിയായി. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസിതര പ്രധാനമന്ത്രിയും രണ്ട് പൂർണ്ണ ഭരണകാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസിതര നേതാവുമാണ് അദ്ദേഹം. 2014-ൽ പ്രധാനമന്ത്രിയായ ശേഷം, സാമ്പത്തിക-സാങ്കേതിക പുരോഗതി, അടിസ്ഥാന സൗകര്യ വികസനം, ദേശീയ സുരക്ഷ,

ഡിജിറ്റൽ സാക്ഷരത, ശുചിത്വം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന കാഴ്ചപ്പാടാണ് മോദി മുന്നോട്ട് വെച്ചത്. 1950 സെപ്തംബർ 17-ന് ഗുജറാത്തിലെ വഡ്നഗറിൽ ജനിച്ച നരേന്ദ്ര ദാമോദർദാസ് മോദി രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്.) പ്രവർത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്. 1987-ൽ ബി.ജെ.പി.യുടെ ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിങ് സെക്രട്ടറിയായി.

2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം 2014-ൽ അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തി.നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതികളായ ‘സ്വച്ഛ് ഭാരത് അഭിയാൻ’, ‘ആയുഷ്മാൻ ഭാരത്’, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ വ്യാപകമായ ശ്രദ്ധ നേടി. അതേസമയം, നോട്ട് നിരോധനം, പൗരത്വ ഭേദഗതി നിയമം, കാർഷിക നിയമങ്ങൾ എന്നിവ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തി.