
കൊച്ചി:മഴ പൂർണ്ണമായും വിട്ടുനിന്നതോടെ സംസ്ഥാനത്ത് അതിരാവിലെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസം മൂന്നാറിൽ രേഖപ്പെടുത്തി. ഇന്നലെ അതിരാവിലെ മൂന്നാറിൽ താപനില 6.2 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. മൂന്നാറിനടുത്തുള്ള കുണ്ടള ഡാമിലും 6.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
തുടർച്ചയായ ദിവസങ്ങളിൽ താപനില 10 ഡിഗ്രിക്ക് താഴെയായി തുടരുന്ന സാഹചര്യത്തിൽ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകൾക്ക് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.
അതേസമയം, മഴ പൂർണ്ണമായി വിട്ടുനിന്നതോടെ സംസ്ഥാനത്തെ പകൽ താപനില ക്രമാതീതമായി ഉയരുന്നുണ്ട്. പകൽ സമയത്തെ ചൂട് ശരാശരി 33 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയായി വർധിച്ചു.വരും ദിവസങ്ങളിലും സംസ്ഥാനത്ത് വരണ്ട അന്തരീക്ഷസ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പകൽ താപനില ഇനിയും ഉയരുന്നതിന് കാരണമായേക്കാം. അതിനാൽ, പകൽ സമയങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം