Banner Ads

മുണ്ടിനീര് ആശങ്ക! ആലപ്പുഴയിൽ രോഗവ്യാപനം വീണ്ടും; മണ്ണഞ്ചേരി സ്കൂളിലെ എൽ.പി. വിഭാഗത്തിന് 21 ദിവസം അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ: ജില്ലയിൽ മുണ്ടിനീര് (Mumps) വ്യാപനം വീണ്ടും സ്ഥിരീകരിച്ചതിനെ തുടർന്ന് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ എൽ.പി. സെക്ഷന് ജില്ലാ കളക്ടർ 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു.രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാൻ നവംബർ 26 മുതൽ 21 ദിവസത്തേക്കാണ് അവധി നൽകിയിട്ടുള്ളത്.

ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിക്കണം.വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടത്തണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ജില്ലയിൽ ഏതാനും മാസങ്ങൾക്കിടെ വിവിധ സ്കൂളുകളിൽ സമാനമായ രീതിയിൽ മുണ്ടിനീര് സ്ഥിരീകരിക്കുകയും ദീർഘകാല അവധി നൽകേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി.