
കൊച്ചി : 21 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മലയാള സിനിമയിലേക്ക്. 2023-ലെ പുരസ്കാരമാണ് നടൻ മോഹൻലാലിന് ലഭിച്ചത്. ഇതിനുമുമ്പ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനായിരുന്നു ഈ പുരസ്കാരത്തിന് അർഹനായിട്ടുള്ളത്. പുരസ്കാര നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
“ജൂറി അംഗങ്ങളോടും ഇന്ത്യൻ സർക്കാരിനോടും ഒപ്പം പ്രവർത്തിച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. 48 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. എനിക്ക് മുൻപ് ഈ അവാർഡ് ലഭിച്ചത് മഹാരഥൻമാർക്കാണ് അവരെല്ലാവരെയും ഈ വേളയിൽ ഞാൻ ഓർക്കുന്നു.
ഇന്ത്യൻ സിനിമയിലെ ഈ വലിയ അവാർഡ് മലയാള സിനിമയ്ക്ക് ലഭിച്ചതിൽ ഞാൻ അതിയായ സന്തോഷത്തിലാണ്. ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ദൈവം. അതുകൊണ്ടാണ് ഈ അവാർഡ് ദൈവം നൽകിയതെന്ന് ഞാൻ പറയുന്നത്. നമ്മൾ പ്രവർത്തിക്കുന്ന മേഖലയോട് കാണിക്കുന്ന സത്യസന്ധതയും ഇതിൽ പ്രധാനമാണ്. ഈ പുരസ്‌കാരം ഞാൻ എല്ലാവരുമായി പങ്കുവെക്കുന്നു.” – മോഹൻലാൽ പറഞ്ഞു.