തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടി തല്‍ക്കാലം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) സംരക്ഷണയില്‍ തുടരും. തനിക്ക് മാതാപിതാക്കള്‍ക്കൊപ്പം പോകാൻ താല്‍പര്യമില്ലെന്നും സി ഡബ്ല്യു സിയില്‍ നിന്ന് പഠിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടെന്ന് ചെയർപേഴ്‌സണ്‍ ഷാനിബ ബീഗം അറിയിച്ചു. അമ്മ ജോലി ചെയ്യിപ്പിച്ചതിലും അടിച്ചതിലുമാണ് വീടുവിട്ടിറങ്ങിയതെന്ന് കുട്ടി പറഞ്ഞതായി ഷാനിബ ബീഗം മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുമായി സംസാരിച്ചപ്പോൾ ട്രെയിൻ യാത്രയ്ക്കിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലയെന്ന് മനസിലായി. കൂടാതെ ട്രെയിനില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ കഴിക്കാനായി ബിരിയാണി വാങ്ങിക്കൊടുക്കുകയും ചെയ്തു.
അത് കഴിച്ച് കിടന്ന് ഉറങ്ങുമ്പോളാണ് വിശാഖപട്ടണത്തില്‍ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. എന്നാൽ കുട്ടിയ്ക്ക് അസാമിലേക്ക് പോകാൻ താല്‍പര്യമില്ലായെന്നും കേരളത്തില്‍ തന്നെ തുടരനാണ് താല്‍പര്യം എന്നും കുട്ടിക്കും മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കും എന്നും ഷാനിബ ബീഗം വ്യക്തമാക്കി. കുട്ടിയെ സിഡബ്ല്യുസിയുടെ നേതൃത്വത്തിലാണ് രക്ഷിതാക്കളെ കാണിച്ചത്. വിശാഖപ്പട്ടണത്തെ സിഡബ്ല്യൂസിയുടെ ഒബ്‌സർവേഷൻ ഹോമിലായിരുന്നു കുട്ടി. മലയാളി സമാജം പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് ശനിയാഴ്ച കുട്ടിയെ കേരള പൊലീസിന് കൈമാറിയത്.
കഴക്കൂട്ടം എസ്.ഐ വി.എസ്. രഞ്ജിത്ത്, വനിതാ പൊലീസുകാരായ ശീതള്‍, ചിന്നു, പൊലീസ് ഉദ്യോഗസ്ഥൻ റെജി തുടങ്ങിയവരടങ്ങുന്ന സംഘമാണ് കുട്ടിയുമായി എത്തിയത്. കാണാതായി 37 മണിക്കൂറിന് ശേഷമാണ് വിശാഖപ്പട്ടണത്ത് നിന്നും 13കാരിയെ കണ്ടെത്തുന്നത്. മാതാപിതാക്കളുമായി പിണങ്ങിയതിന് ശേഷം കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടി ട്രെയിൻ കയറി സ്വന്തം ദേശമായ അസാമിലേക്കായിരുന്നു പോകാൻ ശ്രമിച്ചത്. തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലേക്ക് പോയ ട്രെയിനിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരി പകർത്തിയ ചിത്രമാണ് കേസില്‍ നിർണായകമായത്. തുടർന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കുട്ടിക്കായുള്ള തെരച്ചില്‍ ഊർജിതമായി നടത്തുകയും ഒടുവിൽ വിശാഖപ്പട്ടണത്ത് നിന്നും കണ്ടെത്തുകയും ചെയ്തു.