
ഇടുക്കി: പുതുവർഷത്തിൽ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ വക ‘റോയൽ’ സമ്മാനം. മൂന്നാറിലെ കാഴ്ചകൾ ആസ്വദിക്കാൻ അത്യാധുനിക സൗകര്യങ്ങളോടെയുള്ള രണ്ടാമത്തെ ഡബിൾ ഡെക്കർ ബസ് ‘റോയൽ വ്യൂ 2.0’ സർവീസ് ആരംഭിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാർ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
ആദ്യ ഡബിൾ ഡെക്കർ സർവീസ് വെറും ഒൻപത് മാസത്തിനുള്ളിൽ ഒരു കോടി രൂപ വരുമാനം നേടി വൻ വിജയമായതോടെയാണ് രണ്ടാമത്തെ ബസ് കൂടി നിരത്തിലിറക്കിയത്. കെഎസ്ആർടിസിയുടെ പാപ്പനംകോട് ഡിപ്പോയിൽ പൂർണ്ണമായും നിർമ്മാണം പൂർത്തിയാക്കിയ ഈ ബസിന്റെ മുകൾഭാഗത്തിരുന്ന് മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയും താഴ്വരകളുടെയും മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാം.പുറത്തെ കാഴ്ചകൾ പൂർണമായി കാണുന്ന രീതിയിലാണ് ബസിന്റെ നിർമ്മിച്ചിരിക്കുന്നത് .
മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയും താഴ്വരകളുടെയുമെല്ലാം വിശാലമായ കാഴ്ചകൾ ബസിന്റെ മുകൾ ഭാഗത്തിരുന്ന് സഞ്ചാരികൾക്ക് ആസ്വദിക്കാൻ ഇനി സാധിക്കും. കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ബസ് പൂർണമായും നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസിന് ദിവസേന മൂന്ന് ട്രിപ്പുകളാണുള്ളത്. രാവിലെ 9 മണിയ്ക്കാണ് ആദ്യത്തെ ട്രിപ്പ്.
ഉച്ചയ്ക്ക് 12.30നും വൈകുന്നേരം 4 മണിയ്ക്കും ട്രിപ്പുകളുണ്ട്. ബസിൽ ആകെ 50 സീറ്റുകളാണുള്ളത്. ഇതിൽ ലോവർ ഡെക്കിൽ ഒരാൾക്ക് 200 രൂപയും അപ്പര്‍ ഡെക്കിൽ 400 രൂപയുമാണ് നിരക്ക്. ആകെ 3 മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്രയിൽ ലോക്ക്ഹാർട്ട് വ്യൂ, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. onlineksrtc swift.com എന്ന ലിങ്കിൽ കയറി സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്.