Banner Ads

മെസ്സിയും കൂട്ടരും കേരളത്തിലേക്ക്? മാർച്ചിൽ കളിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന് കായിക മന്ത്രി.

മലപ്പുറം: മലപ്പുറം: ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ഫുട്ബോൾ ടീം അടുത്ത മാർച്ചിൽ കേരളത്തിൽ കളിക്കാൻ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷൻ സെമിനാറിലാണ് മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം. അർജന്റീന ടീമിന്റെ ഭാഗത്തുനിന്ന് രണ്ട് ദിവസം മുൻപ് ഇത് സംബന്ധിച്ച സ്ഥിരീകരണ ഇ-മെയിൽ ലഭിച്ചതായും മന്ത്രി അറിയിച്ചു.

നവംബറിൽ കളിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ, കൊച്ചി സ്റ്റേഡിയത്തിൽ ആവശ്യമായ അംഗീകാരം ലഭ്യമാകാത്തതുകൊണ്ടാണ് കളി അന്ന് നടക്കാതെ പോയത്.”മാർച്ചിൽ നിർബന്ധമായി വരുമെന്നും അടുത്ത ദിവസം തന്നെ അതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അവർ അറിയിച്ചു,” മന്ത്രി വ്യക്തമാക്കി. മെസ്സിയുടെ വരവിനെ രാഷ്ട്രീയ തർക്കത്തിന് വേണ്ടിയല്ല കാണുന്നതെന്നും, കായിക മേഖലയെ പുതിയ കാലത്തിനനുസരിച്ച് അഭിവൃദ്ധിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യമായി സ്‌പോർട്‌സ് എക്കോണമി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായി കൂടുതൽ വിദേശ മത്സരങ്ങൾ സംസ്ഥാനത്തേക്ക് കൊണ്ടുവരാനും ലക്ഷ്യമിടുന്നുണ്ട്.അർജന്റീന ടീമിന്റെ വരവ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.