
ദില്ലി : ഭർത്താവിന്റെ കാമുകിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ നൽകിയ പരാതി നിലനിൽക്കുമെന്ന് ഡൽഹി ഹൈക്കോടതി. നല്ലരീതിയിൽ പോയിരുന്ന ദാമ്പത്യം തകരാൻ ഭർത്താവിന്റെ കാമുകിയുടെ ഇടപെടലാണ് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ കോടതിയെ സമീപിച്ചത്.
ഭർത്താവിൽ നിന്ന് ഭാര്യക്ക് ലഭിക്കേണ്ട സ്നേഹവും വാത്സല്യവും നഷ്ടമാക്കിയതിൽ കാമുകിക്ക് പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശരിയായ വാദങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഒരു മൂന്നാം കക്ഷി മനഃപൂർവം വിവാഹത്തിൽ ഇടപെട്ട് ദാമ്പത്യബന്ധം തകർത്താൽ അതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവിൽ കേസ് നിലനിൽക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് ആണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. പരാതി നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി ഭർത്താവിനും കാമുകിക്കും സമൻസ് അയച്ചു.