
പത്തനംതിട്ട : ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും. ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തീർത്ഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഓണ്‍ലൈനായി 70,000 പേർക്കും തല്‍സമയ ബുക്കിംഗ് വഴി 20000 പേർക്കും ഒരു ദിവസം ദർശനത്തിന് സൗകര്യമുണ്ട്.
ആദ്യ ദിവസങ്ങളിലെ ഓൺലൈൻ ബുക്കിംഗ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. വലിയ രീതിയിലുള്ള ബുക്കിങ് ആണ് ആദ്യ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. നട തുറക്കുന്ന മണ്ഡല സീസൺ സ്വർണ്ണക്കൊള്ള വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ്. വിഷയവുമായി ബന്ധപ്പെട്ട് നാളെ ക്ഷേത്രത്തിൽ സുപ്രധാന നടപടികളുണ്ടാകും.
നാളെ ഉച്ചയ്ക്ക് നട അടച്ച ശേഷം ദ്വാരപാലക പാളികൾ, കട്ടിള പാളികൾ എന്നിവയിൽ നിന്ന് കേസിലെ ശാസ്ത്രീയ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി. സന്നിധാനത്തെ സ്വർണ്ണക്കവർച്ച കേസിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.