
തൃശൂർ : 2024-ലെ മികച്ച ചലച്ചിത്രങ്ങൾക്കുള്ള 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.പുരസ്‌കാര നിർണയം നടത്തിയത് പ്രശസ്ത നടനും സംവിധായകനുമായ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയാണ്.
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും ജൂറി അംഗങ്ങളായിരുന്നു. ഈ വർഷം 128 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടത്. ഇതിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധിനിർണയ സമിതികളിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരുന്നു. മികച്ച നടൻ, നടി, ചിത്രം എന്നീ വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. മമ്മൂട്ടി (ഭ്രമയുഗം), ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം, ലെവൽ ക്രോസ്), വിജയരാഘവൻ (കിഷ്കിന്ധാകാണ്ഡം) എന്നിവരായിരുന്നു പ്രധാന മത്സരരംഗത്തുണ്ടായിരുന്നത്. ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, ഓൾ വി ഇമാജിൻ ആസ് ലൈറ്റ് തുടങ്ങിയ ചിത്രങ്ങൾ മികച്ച ചിത്രത്തിനായി അവസാന റൗണ്ടിൽ മത്സരിച്ചു.