
കൊച്ചി : രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി നാളെ (ശനിയാഴ്ച) വൈകുന്നേരം അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ അരങ്ങേറും.
പ്രവേശനം സൗജന്യമായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിനു വേണ്ടി നടനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ അതിഥികളായി എത്തും. ആദരിക്കൽ ചടങ്ങിനു ശേഷം സംവിധായകൻ ടി.കെ. രാജീവ് കുമാർ അവതരിപ്പിക്കുന്ന രംഗാവിഷ്കാരം ‘രാഗം മോഹനം’ അരങ്ങേറും.
മോഹൻലാൽ സിനിമകളിലെ നായികമാരും പ്രമുഖ ഗായികമാരും ഈ കലാസന്ധ്യയുടെ ഭാഗമാകും. കലാപരിപാടികളുടെ ഭാഗമായി മോഹൻലാലും വേദിയിൽ കലാ അവതരണങ്ങൾ നടത്തും.