Banner Ads

മാഹി ബസലിക്ക തിരുനാളിന് കൊടിയേറി; മയ്യഴിയിൽ 18 ദിവസം നീളുന്ന ഉത്സവത്തിന് തുടക്കം

മാഹി : മാഹി സെന്റ് തെരേസ ബസലിക്കയിലെ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ പ്രസിദ്ധമായ തിരുനാൾ മഹോത്സവത്തിന് കൊടിയുയർന്നു. ഇതോടെ മയ്യഴി നഗരം അടുത്ത 18 ദിവസത്തേക്ക് ഉത്സവ ലഹരിയിലായി.

ഇന്ന് (05/10/2025) രാവിലെ പതിനൊന്നരയോടെ ബാന്റ് മേളങ്ങളുടെയും കൊമ്പിരി അംഗങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് ഭക്തരെ സാക്ഷിനിർത്തി ബസലിക്ക ഇടവക വികാരിയും റെക്ടറുമായ ഫാ. സെബാസ്റ്റ്യൻ കരക്കാട്ട് പതാക ഉയർത്തിക്കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

തുടർന്ന് 12 മണിക്ക് ദേവാലയ മണികളുടെയും മുൻസിപ്പൽ സൈറണിന്റെയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു. ആദ്യ ദിനം ഞായറാഴ്ചയായതിനാൽ ജാതിമതഭേദമന്യേ നാനാദേശങ്ങളിൽ നിന്നായി ആയിരങ്ങൾ എത്തിയതോടെ മയ്യഴി നഗരത്തിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.

രമേശ് പറമ്പത്ത് എം.എൽ.എ മാഹി പോലീസ് സൂപ്രണ്ട് ഡോ. വിനയ് കുമാർ ഗാഡ്‌ഗെ ഐ.പി.എസ് എന്നിവർ തിരുസ്വരൂപത്തിൽ മാല ചാർത്തി. റവ. ഡോ. ജെറോം ചിങ്ങന്തറയുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും നടന്നു.

നാളെ (ഒക്ടോബർ 6) രാവിലെ 7 മണിക്ക് ദിവ്യബലിയും വൈകുന്നേരം 6 മണിക്ക് ഫാ. സനൽ ലോറൻസ്, ഫാ. റിജോ പാത്തിവയൽ എന്നിവർ കാർമികത്വം വഹിക്കുന്ന ആഘോഷമായ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഒക്ടോബർ 14, 15 തീയതികളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ നടക്കുക. 18 ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവം ഒക്ടോബർ 22-ന് സമാപിക്കും.