Banner Ads

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ മഴ കനക്കും, 5 ദിവസത്തേക്ക് യെല്ലോ അലർട്ട്

കൊച്ചി : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കയ്ക്ക് സമീപമാണ് ഇന്നലെ ന്യൂനമർദ്ദം രൂപപ്പെട്ടത്. സംസ്ഥാനത്ത് ഇന്ന് (നവംബർ 16) മുതൽ നവംബർ 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (നവംബർ 16) മത്സ്യബന്ധനത്തിന് നിലവിൽ തടസ്സങ്ങളില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.