Banner Ads

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്. വ്യാഴാഴ്ചയോടെ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിലവിലെ ന്യൂനമർദം കേരളത്തിൽ നേരിട്ട് മഴയ്ക്ക് കാരണമാകില്ലെങ്കിലും സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന മഴ തുടരാൻ സാധ്യതയുണ്ട്. എന്നാൽ വ്യാഴാഴ്ച രൂപപ്പെടുന്ന ന്യൂനമർദം കേരളത്തിൽ മഴ ശക്തമാക്കാൻ സാധ്യതയുണ്ട്.

ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രൂപപ്പെടുന്ന ന്യൂനമർദം പിന്നീട് തീവ്ര ന്യൂനമർദമായി മാറാനും ശനിയാഴ്ചയോടെ ആന്ധ്രാ-ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിന് പുറമെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലും ചുഴലിക്കാറ്റുകൾ സജീവമാണ്. ഇതും വരുംദിവസങ്ങളിൽ മഴയെ സ്വാധീനിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.