
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. നേരത്തെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമായിരുന്ന മഴ മുന്നറിയിപ്പ്, ഇപ്പോൾ ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും കൂടി വ്യാപിപ്പിച്ചു.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് പ്രവചനമുണ്ട്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് വ്യാഴാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളിയാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.ഈ ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മധ്യ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും, ഇതിന്റെ സ്വാധീനത്തിൽ കാലവർഷം സജീവമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.