Banner Ads

പോരാട്ടങ്ങളുടെ തമ്പുരാൻ വിടവാങ്ങി: വി.എസ്. അച്യുതാനന്ദൻ ഇനി ഓർമ്മ മാത്രം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 ഓടെയായിരുന്നു അന്ത്യം.

1923 ഒക്ടോബർ 20-ന് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കാമ്മയുടെയും മകനായാണ് വി.എസ്. അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്ര്യവും വി.എസിനെ വലച്ചെങ്കിലും പഠിക്കണമെന്ന മോഹം അദ്ദേഹം ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് സവർണ കുട്ടികൾ “ചോവച്ചെറുക്കൻ” എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി.എസ്. അവരെ ബെൽറ്റ് ഊരി അടിച്ചോടിച്ചു. അന്നുതന്നെ അദ്ദേഹം വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു.

ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു. ചേട്ടന്റെ തയ്യൽക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിഞ്ഞില്ല. പതിനഞ്ചാം വയസ്സിൽ ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലിയും കുറഞ്ഞ കൂലിയും മോശമായ തൊഴിൽ സാഹചര്യങ്ങളും അവിടെയും അദ്ദേഹത്തെ കലഹിക്കാൻ പ്രേരിപ്പിച്ചു. കൂലി കൂട്ടി ചോദിക്കാൻ അദ്ദേഹം തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒരു വർഷത്തിനിടെ ആ പതിനാറുകാരൻ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി.

പതിനേഴാം വയസ്സിൽ വി.എസിന് പാർട്ടി അംഗത്വം ലഭിച്ചു. 1943-ലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ ആ ചെറുപ്പക്കാരൻ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.