Banner Ads

സംസ്ഥാനത്ത് ഇന്ന് തദ്ദേശ ഭരണാരോഹണം; എരുമേലിയിൽ യുഡിഎഫ് വിട്ടുനിൽക്കും

കോട്ടയം : എരുമേലി പഞ്ചായത്തിൽ മികച്ച വിജയം നേടിയിട്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ കണ്ടെത്താനാകാതെ യുഡിഎഫ്. ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ യുഡിഎഫ് തീരുമാനിച്ചു. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കും.

24 വാർഡുകളുള്ള എരുമേലി പഞ്ചായത്തിൽ 14 സീറ്റുകൾ നേടി യുഡിഎഫ് ഭൂരിപക്ഷം ഉറപ്പാക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പദവി ഇത്തവണ പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്തതാണ് യുഡിഎഫിന് തിരിച്ചടിയായത്. യുഡിഎഫ് വിട്ടുനിന്നാൽ ക്വാറം തികയാതെ വരികയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വരികയും ചെയ്യും.

എന്നാൽ ഉച്ചയ്ക്ക് ശേഷം നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.  തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും.