Banner Ads

ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നു; രാജ്യസുരക്ഷാ ദൗത്യം വിജയം

ശ്രീഹരിക്കോട്ട : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം3-എം5 റോക്കറ്റ് വിജയകരമായി കുതിച്ചുയർന്നു. നാവികസേനയ്ക്കായുള്ള നിർണായക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 (CMS-03) നെയാണ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്.

ഇന്ന് വൈകിട്ട് 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റിലെ വിക്ഷേപണതറയിൽ നിന്ന് എൽവിഎം-3 കുതിച്ചുയര്‍ന്നത്. ചന്ദ്രയാൻ-3 വിക്ഷേപണത്തിനുശേഷം നടക്കുന്ന ആദ്യത്തെ എൽവിഎം-3 ദൗത്യമാണിത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഐഎസ്ആർഒയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ദൗത്യം.

ഏകദേശം 4400 കിലോഗ്രാം ഭാരമുണ്ട്. ഇന്ത്യൻ മണ്ണിൽ നിന്ന് ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് അയക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. ഉപഗ്രഹത്തിൻ്റെ നിർമ്മാണച്ചെലവ് 1,589 കോടി രൂപയാണ്. 2019 ലാണ് നാവികസേനയും ഐഎസ്ആർഒയും തമ്മിൽ ഈ ദൗത്യത്തിനായി കരാർ ഒപ്പിട്ടത്. ജിസാറ്റ്-7ആർ എന്നായിരുന്നു ഉപഗ്രഹത്തിന് ആദ്യം നൽകിയിരുന്ന പേര്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ കൂടുതൽ വിവരങ്ങൾ ഐഎസ്ആർഒ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഉപഗ്രഹത്തിൻ്റെ ചിത്രങ്ങളോ വിശദാംശങ്ങളോ ലോഞ്ച് ബ്രോഷറിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല. രാജ്യസുരക്ഷാ ദൗത്യങ്ങൾക്ക് ഈ രീതി ഇനി പതിവാക്കാനാണ് ഐഎസ്ആർഒയുടെ തീരുമാനം.