
അടൂർ: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലിടിച്ച് വൻ അപകടം. അപകടത്തിൽ എഎസ്ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോയിപ്രം പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോകുന്നതിനിടെയാണ് അടൂരിൽ വെച്ച് അപകടമുണ്ടായത്. പോലീസ് ജീപ്പിലിടിച്ച ബസ് മറ്റൊരു ബസിലും ഇടിച്ചാണ് നിന്നത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടർന്ന് അടൂർ നഗരത്തിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.